സാമൂഹ്യ-സാംസ്കാരിക ചരിത്രം

സ്വാതന്ത്ര്യത്തിനു മുന്‍പ് നൂറ്റാണ്ടുകളോളം കൊച്ചി നാട്ടുരാജ്യത്തിന്റെ അധീനതയില്‍ കഴിഞ്ഞിരുന്ന പ്രദേശങ്ങളുള്‍പ്പെട്ടതാണ് ഇന്നത്തെ എറണാകുളം ജില്ല. കൊച്ചഴി എന്ന പദത്തില്‍ നിന്നാണ് കൊച്ചി എന്ന സ്ഥലനാമമുണ്ടായത്. പഞ്ചായത്ത് സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് മഹാരാജാവിന്റെ അനുവാദത്തോടെ നാട്ടു പ്രമാണികള്‍ ആയിരുന്നു ഇവിടങ്ങളില്‍ ഭരണം നടത്തിയിരുന്നത്. ഈ ജില്ലയിലെ തീരപ്രദേശത്തിലുള്‍പ്പെടുന്ന ഭൂരിഭാഗം പഞ്ചായത്തുകളും ഭൂമിശാസ്ത്രപരമായി പറഞ്ഞാല്‍ കടല്‍ വച്ചുപോയ കരപ്രദേശമാണ്. എ.ഡി 1341-ല്‍ പെരിയാറില്‍ ഉണ്ടായ അതിശക്തമായ വെള്ളപ്പൊക്കത്തില്‍ വൈപ്പിന്‍കര ഉടലെടുത്തു എന്നാണ് കരുതപ്പെടുന്നത്. എ.ഡി.1341-ല്‍ ഉണ്ടായ അധിവര്‍ഷം മൂലം പെരിയാറും ചാലക്കുടിപ്പുഴയും കര കവിഞ്ഞൊഴുകുകയും, മലവെള്ളം കുത്തിയൊഴുകി വലിയൊരു പ്രളയമായി വരികയും താഴ്ന്ന പ്രദേശമായ ഇപ്പോഴത്തെ കൊച്ചി ഭാഗത്ത് ഒരു തുറമുഖം (അഴിമുഖം) രൂപപ്പെടുകയും ചെയ്തു. പ്രസ്തുത അഴിയെ ‘കൊച്ച് അഴി’ എന്നു വിളിച്ചുവരുകയും, പിന്നീടത് ലോപിച്ച് ‘കൊച്ചി’ എന്നറിയപ്പെടുകയും ചെയ്തു. കൊച്ചിയെ അറബിക്കടലിന്റെ റാണി എന്നും വിളിക്കപ്പെടുന്നു. 1498-ല്‍ വാസ്കോ ഡ ഗാമ എന്ന പോര്‍ച്ചുഗീസ് നാവികന്‍ കോഴിക്കോട് കാപ്പാട് കടല്‍ത്തീരത്ത് വന്നെത്തുകയും കച്ചവടബന്ധം സ്ഥാപിക്കുകയും ചെയ്തു. സാമൂതിരിയുമായി തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ പിന്നീട് നീങ്ങിയത് കൊച്ചിയിലേക്കായിരുന്നു. സാമൂതിരിയുമായി ശത്രുതയിലായിരുന്ന കൊച്ചി രാജാവ് പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചിയില്‍ താവളമനുവദിച്ചുകൊണ്ട് കച്ചവടാനുകൂല്യങ്ങള്‍ ഒന്നൊന്നായി കനിഞ്ഞുനല്‍കി. കൊച്ചിരാജാവിനു സാമൂതിരിയുമായുണ്ടായിരുന്ന ശത്രുത മുതലെടുത്തുകൊണ്ട് പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ സൈനികതാവളവും കോട്ടയും നിര്‍മ്മിച്ചു. സാമൂതിരിയ്ക്ക് നിരന്തരം തലവേദനയുണ്ടാക്കിക്കൊണ്ടിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് കൊച്ചി രാജാവ് ചെയ്തുകൊടുക്കുന്ന സഹായങ്ങളില്‍ പ്രകോപിതനായ സാമൂതിരി കൊച്ചിയുമായി യുദ്ധം പ്രഖ്യാപിക്കുകയും കടല്‍മാര്‍ഗ്ഗം ആക്രമിക്കുകയും ചെയ്തു. ചില യുദ്ധങ്ങളില്‍ ചില്ലറ നേട്ടങ്ങളുണ്ടാക്കാന്‍ സാമൂതിരിക്കായെങ്കിലും പോര്‍ച്ചുഗീസുകാരെ പൂര്‍ണ്ണമായും കൊച്ചിയില്‍ നിന്നും തുരത്താന്‍ സാധിച്ചില്ല. എന്നു മാത്രമല്ല പല യുദ്ധങ്ങളിലും പോര്‍ച്ചുഗീസുകാരുടെ പീരങ്കിയായുധങ്ങള്‍ക്കു മുന്‍പില്‍ സാമൂതിരിക്കു പിന്‍വാങ്ങേണ്ടിയും വന്നു. എല്ലാ യുദ്ധങ്ങളിലും കൊച്ചിയെ സഹായിച്ചുകൊണ്ടു നിലകൊണ്ട പോര്‍ച്ചുഗീസുകാര്‍ക്ക് അതോടെ കൂടുതല്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കപ്പെട്ടു. പോര്‍ച്ചുഗീസുകാരെ തുടര്‍ന്ന് ബ്രിട്ടീഷുകാരുള്‍പ്പെടെ മറ്റ് വിദേശശക്തികളും കൊച്ചിയിലെത്തി. ഇതിനെയെല്ലാം തുടര്‍ന്നാണ് യൂറോപ്യന്‍ ശക്തികള്‍ നമ്മുടെ രാജ്യത്തെ വരുതിയിലാക്കുന്നതിന് തുടക്കമിട്ടത്. പുരാതനകാലം മുതല്‍ അറബികളും ചീനക്കാരും ജൂതന്മാരും കൊച്ചിയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് സ്ഥാപിതമായിരിക്കുന്നത്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് ഇന്നും തനിമ നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ഗസലിന്റേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും ആര്‍ദ്രമായ സന്ധ്യകള്‍ കൊച്ചിയുടെ മാത്രം പ്രത്യേകതയാണ്. ഗുജറാത്തികളും ബോംബെയില്‍ നിന്നുള്ളവരും കൊങ്ങിണികളുമുള്‍പ്പെടെ ധാരാളം ഉത്തരേന്ത്യക്കാര്‍ കൊച്ചിയില്‍ ജീവിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശവിനോദസഞ്ചാരികള്‍ വന്നെത്തുന്ന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചി. അതിദ്രുതം വളരുന്ന നഗരമാണ് കൊച്ചി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അംബരചുംബികളായ കെട്ടിടങ്ങളുള്ളതും എറണാകുളം നഗരത്തിലാണ്. ഏറ്റവും കൂടുതല്‍ നഗരവാസികള്‍ ജീവിക്കുന്നതും കൂടുതല്‍ നഗരവല്‍ക്കരണം നടന്നിട്ടുള്ളതും ഏറ്റവും കൂടുതല്‍ മുനിസിപ്പാലിറ്റികളുള്ളതുമായ ജില്ലയും എറണാകുളമാണ്. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതകളായ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നീ സുപ്രധാന ഗതാഗതപാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും എറണാകുളത്തിനുണ്ട്. ആലപ്പുഴ വഴിയുള്ള തീരദേശറെയില്‍വേയും മധ്യ-തിരുവിതാംകൂറിലൂടെയുള്ള റെയില്‍ പാതയും കൂടിച്ചേരുന്നതും എറണാകുളത്തു വച്ചാണ്. കേരളത്തിലുള്ള ഏറ്റവും പ്രമുഖമായ വ്യവസായശാലകളില്‍ പലതും സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമായ നിരവധി കായലോരങ്ങള്‍ ഈ ജില്ലയിലുണ്ട്. ചെമ്മീന്‍-മത്സ്യക്കയറ്റുമതിയുടെയും മലഞ്ചരക്കുവ്യാപാരത്തിന്റേയും പ്രമുഖ കേന്ദ്രമാണ് കൊച്ചി. കേരള ഹൈക്കോടതിയുടെ ആസ്ഥാനമാണ് കൊച്ചിയിലുള്ള ഏറ്റവും പ്രമുഖ സ്ഥാപനം. നിരവധി സാംസ്കാരിക സ്ഥാപനങ്ങളുടെയും മതസ്ഥാപനങ്ങളുടെയും ആസ്ഥാനം കൂടിയാണ് എറണാകുളം. വിശുദ്ധ തോമാശ്ളീഹയുമായി ബന്ധമുള്ള മലയാറ്റൂര്‍ പള്ളിയാണ് ജില്ലയിലെ ഏറ്റവും പ്രമുഖമായ തീര്‍ത്ഥാടനകേന്ദ്രം. തൃപ്പൂണിത്തുറയ്ക്കു സമീപത്തുള്ള ഉദയംപേരൂര്‍ സൂനഹദോസ് പള്ളി കേരള ക്രിസ്തീയ ചരിത്രത്തിലെ പ്രമുഖ ദേവാലയമാണ്. കോവിലകങ്ങളും കൊട്ടാരങ്ങളും കൊണ്ടു നിറഞ്ഞ തൃപ്പൂണിത്തുറ കൊച്ചി രാജാക്കന്മാരുടെ രാജധാനിയായിരുന്നു. പ്രാചീനകാലത്ത് കടല്‍ കയറിക്കിടന്നിരുന്ന തൃപ്പൂണിത്തുറ പ്രമുഖ തുറമുഖം കൂടിയായിരുന്നു. പെരിയാറിന്റെ തീരത്ത് ആലുവാ മണല്‍പ്പുറത്ത് നടക്കുന്ന ശിവരാത്രിമഹോത്സവം ചരിത്രപ്രസിദ്ധവും കവികളുടെ കാല്‍പനികഭാവങ്ങളെ ധന്യമാക്കിയിട്ടുള്ളതുമാണ്. ആലുവ യു.സി കോളേജും, എറണാകുളം മഹാരാജാസ് കോളേജും ഒട്ടേറെ പ്രതിഭകളെ വാര്‍ത്തെടുത്തിട്ടുള്ള മഹത്തായ കലാലയങ്ങളാണ്. ശ്രീശങ്കരാചാര്യരുടെ ജന്മം കൊണ്ട് ധന്യമായ കാലടി ഭാരതത്തിലെ ഹൈന്ദവനവോത്ഥാന ചരിത്രത്തിന്റെ ഉറവിടമാണെന്നു പറയാം. ഇന്ന് ശങ്കരാചാര്യരുടെ നാമധേയത്തിലുള്ള ആത്മീയകേന്ദ്രവും സംസ്കൃത സര്‍വ്വകലാശാലയും കാലടിയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം കേരളസംസ്ഥാന രൂപീകരണത്തിനിടയ്ക്കുള്ള കാലത്ത് തിരുവിതാംകൂറിനേയും കൊച്ചിയേയും സംയോജിപ്പിച്ചുകൊണ്ട് തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമാവുകയുണ്ടായി. കൊച്ചി രാജാവിനെ രാജപ്രമുഖനായി നിലനിറുത്തിക്കൊണ്ട് തിരു-കൊച്ചിയുടെ ഭരണത്തലവന്‍ എന്ന സ്ഥാനം തിരുവിതാംകൂര്‍ രാജാവ് വഹിച്ചു. ആദ്യകാലത്ത് തൃശ്ശൂര്‍ ജില്ലയുടെ ഭാഗമായിരുന്നു എറണാകുളം. കോട്ടയം ജില്ലയില്‍ നിന്നും അടര്‍ത്തിയെടുത്ത കുറെ പ്രദേശങ്ങളും തൃശ്ശൂര്‍ ജില്ലയുടെ വിഭജിച്ചുമാറിയ തെക്കന്‍പ്രദേശങ്ങളും ചേര്‍ത്തുകൊണ്ടാണ് എറണാകുളം ജില്ലയ്ക്കു രൂപം കൊടുത്തത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അങ്കമാലിയ്ക്കടുത്ത് നെടുമ്പാശ്ശേരിയിലാണ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര വിമാനത്താവളവും, തുറമുഖവും, ഹൈക്കോടതിയും, സര്‍വ്വകലാശാലയുമെല്ലാമുള്ള നഗരമാണ് കൊച്ചി. കേരള ലളിതകലാ അക്കാദമിയുടെ കൊച്ചി ആസ്ഥാനമായ ഡര്‍ബാര്‍ ഹാള്‍(ആര്‍ട്ട് ഗാലറി)ഏകദേശം നൂറു കൊല്ലം മുമ്പ് നിര്‍മ്മിക്കപ്പെട്ടതാണ്. ഈ കെട്ടിടം ആദ്യം കൊച്ചി രാജാവിന്റെ ഡര്‍ബാറായിരുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് കൊച്ചിരാജ്യത്തിന്റെ വിവിധ ഓഫീസുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഓഫീസും ഇവിടെയായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഇവിടം കോടതിയായി മാറി. പിന്നീട് കോടതി വേറെ കെട്ടിടത്തിലേക്ക് മാറ്റിയപ്പോള്‍ ഇത് എന്‍.സി.സി-യുടെ ആസ്ഥാനമായി മാറി. ഡര്‍ബാര്‍ ഹാള്‍ പിന്നീട് പുരാവസ്തു ഗവേഷണ വകുപ്പ് എറ്റെടുത്തു. ഹാളിന്റെ താഴത്തെ നില പരീക്ഷിത്ത് തമ്പുരാന്‍ സ്മാരക മ്യൂസിയം ആയി രൂപപ്പെടുത്തി. 1989-ല്‍ ഹാളിന്റെ മുകളിലത്തെ നില ലളിതകലാ അക്കാദമിക്ക് കൈമാറി. 1991 ഫെബ്രുവരി 7-ന് ഡര്‍ബാര്‍ ഹാളില്‍ ലളിതകലാ അക്കാദമിയുടെ ഗാലറി ഓഫ് കണ്‍ടംപററി ആര്‍ട്ട് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇന്ന് കേരളത്തിലെ പ്രമുഖ ആര്‍ട്ട് ഗാലറികളിലൊന്നാണ് ഡര്‍ബാര്‍ഹാള്‍. 1969-ലാണ് കേരളകലാപീഠം രൂപീകരിക്കപ്പെട്ടത്. അറുപതുകളുടെ ആദ്യപകുതിയില്‍ അന്ന് ഫാക്ടിന്റെ ചെയര്‍മാനായിരുന്ന എം.കെ.കെ നായര്‍ സംഘടിപ്പിച്ച അഖിലേന്ത്യാ സാഹിത്യസമ്മേളനത്തില്‍ ഉയര്‍ന്നുവന്ന ചിത്രകലാകേന്ദ്രമെന്ന ആശയമാണ് കേരളകലാപീഠത്തിലൂടെ സാക്ഷാത്കരിക്കപ്പെട്ടത്. 1956-ലാണ് കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സ്ഥാപിക്കപ്പെട്ടത്. ഇന്ന് ഭാരത് ടൂറിസ്റ്റ് ഹോം നില്‍ക്കുന്ന സ്ഥലത്ത് ഒരു ഓലഷെഡ്ഡിലാണ് ആദ്യകാലത്ത് സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്നത്. അറുപതുകളിലാണ് പൊതുജന പങ്കാളിത്തത്തോടെ ഇപ്പോഴുള്ള കെട്ടിടം പണിതത്. 1997-ലെ പുതുവല്‍സരദിനത്തിലാണ് ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തത്. ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാര്‍ക്കിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഏറ്റവും പ്രധാന പരിപാടി വിശ്വകലാസംഗമം 2000/2002 ആണ്. ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ പ്രസിദ്ധരായ ചിത്രകാരന്മാരും ശില്പികളും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു. കേന്ദ്രം നടത്തുന്ന കാവ്യമൂല എന്ന പരിപാടി വളര്‍ന്നുവരുന്ന കവികളെ പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇവിടെ എല്ലാ മാസവും അക്ഷരശ്ളോക സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്കായി മഴവില്ല് എന്ന പേരില്‍ ഒരു നാടകകളരിയും ഈ കേന്ദ്രം നടത്തുന്നു. ഇവിടം ആസ്ഥാനമായി സജീവമായ ഒരു കഥകളി ആസ്വാദകസംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. സംഘത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ പ്രമുഖ കഥകളി കലാകാരന്മാര്‍ ഇവിടെ പരിപാടികളവതരിപ്പിക്കുന്നു. രാമായണകഥയെ നാടന്‍ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു കലാരൂപമാണ് ഗൊഡ്ഡെ. 1600-നു ശേഷം ഫോര്‍ട്ടുകൊച്ചി അമരാവതി പ്രദേശത്ത് വൈശ്യ-വാണിയ വിഭാഗത്തിന്റെതായി രണ്ടു പ്രധാനക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഒന്ന് ശ്രീമട്ട് ജനാര്‍ദ്ദനക്ഷേത്രവും മറ്റൊന്ന് അമരാവതി ആല്‍ത്തറ ഭഗവതി ക്ഷേത്രവും. ദുഷ്ടഗണങ്ങളെ അകറ്റും എന്ന വിശ്വാസപ്രമാണത്തിലാണ് ഗൊഡ്ഡെ ഇവിടെ നടത്തുന്നത്. ഫാല്‍ഗുനമാസത്തിലെ ശുക്ളപക്ഷ ദ്വാദശി നാളില്‍ ഈ കലാരൂപം ഇപ്പോഴും അവതരിപ്പിക്കുന്നു. 15-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ക്കേ ഇത് ഗോവയില്‍ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു. 1540-ല്‍ പോര്‍ച്ചുഗീസുകാരുടെ പീഡനത്തിനിരയായ ഒരു കൂട്ടം ഗോവക്കാര്‍ കേരളത്തില്‍ കുടിയേറി. അവരുടെ മാതൃഭാഷ കൊങ്കണിയായിരുന്നു. കൊങ്കണിഭാഷാവിഭാഗത്തില്‍ തന്നെയുള്ള വൈശ്യ-വാണിയ വിഭാഗമാണ് വാത്മീകിരാമായണത്തെ സാധാരണക്കാരില്‍ എത്തിക്കുന്നതിന് ജനകീയ രീതി സ്വീകരിച്ചത്. ഇത് പില്‍ക്കാലത്ത് ഗൊഡ്ഡെ രാമായണ്‍ ആയി മാറി. കൊങ്കണി ഭാഷയുടെ തനതുകലയായ ഗൊഡ്ഡെ ഫോക്ക് പാരമ്പര്യങ്ങളില്‍ ശ്രദ്ധേയമാണ്. നൂറിലേറെ കഥാപാത്രങ്ങളുമായി 15 ദിവസത്തോളം അന്തി മുതല്‍ ഉദയം വരെ കളിക്കുന്ന ചവിട്ടുനാടകങ്ങള്‍ കൊച്ചി തീരപ്രദേശത്തെ പഴയ തലമുറയുടെ ജീവനായിരുന്നു. ഇപ്പോള്‍ രണ്ടും മൂന്നും മണിക്കൂറില്‍ ഒതുങ്ങുന്ന പത്തോ പതിനഞ്ചോ കഥാപാത്രങ്ങള്‍ മാത്രമുള്ള ചവിട്ടുനാടകങ്ങളും രംഗത്തുണ്ട്. ചെന്തമിഴില്‍ 16-ാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട ചവിട്ടുനാടകകൃതികള്‍ ഇന്നും അതേപടി തുടരുന്നു. ആദ്യകാല കൃതികളായ കാറല്‍സ്മാന്‍ ചരിത്രം, ജനോവ നാടകം തുടങ്ങിയവ താളിയോലകളില്‍ വട്ടെഴുത്ത് ലിപികളില്‍ തന്നെ അവശേഷിക്കുന്നു. ഇത്തരം കയ്യെഴുത്തു പ്രതികളിലാണ് ചവിട്ടുനാടകങ്ങളുടെ നിലനില്‍പ്. വിക്ടോറിയന്‍ നാടകവേദിയില്‍ നിന്ന് തമിഴ് സംഗീത നാടകങ്ങളിലൂടെ മലയാളത്തിലേക്കുവന്ന ചവിട്ടുനാടകങ്ങള്‍ നാലു നൂറ്റാണ്ടുമുന്‍പു തന്നെ കൊച്ചിയിലുണ്ടായിരുന്നു. ഇന്ന് കേരളത്തില്‍ ഏറ്റവുമധികം ഗുജറാത്തികളുള്ള പ്രദേശം കൊച്ചിയാണ്. എഴുന്നൂറോളം കുടുംബങ്ങളിലായി അയ്യായിരത്തോളം പേരുണ്ടിവിടെ. ലോഹാന, വൈശ്യ, ബ്രാഹ്മണ്‍, ജൈന്‍, കച്ച് തുടങ്ങി പതിമൂനോളം ഗുജറാത്തിവിഭാഗങ്ങള്‍ ഇന്ന് കൊച്ചിയിലുണ്ട്. ഓരോ സമുദായത്തിനും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. ദുര്‍ഗാപൂജയും ദീപാവലിയുമാണ് പ്രധാന ആഘോഷങ്ങള്‍. ഗുജറാത്തികളുടെ തനത് നൃത്തരൂപമായ ഗര്‍ബായാണ് ആഘോഷങ്ങളിലെ മുഖ്യയിനം. നവരാത്രിദിനങ്ങളിലെ ദാണ്ഡിയ റാസ് നൃത്തം പ്രധാനപ്പെട്ടതാണ്. 1865-ല്‍ കൊച്ചിയില്‍ നിന്ന് പ്രസിദ്ധീകരിച്ച “കേരളപത്രിക”, ദേവ്ജി ഭീംജി എന്ന ഗുജറാത്തിയുടെ സംഭാവനയാണ്. “ദീപ്തി” വാരിക, നൌക, കൊച്ചിന്‍പത്രിക, ദക്ഷിണ്‍ഭാരത് തുടങ്ങിയവ കൊച്ചി ഗുജറാത്തികളുടെ പ്രസിദ്ധീകരണങ്ങളായിരുന്നു. മട്ടാഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന പോപ്പട് ലാല്‍ ഗോവര്‍ധന്‍ ലാലന്‍ കേരളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു ഗുജറാത്തിയായിരുന്നു. കൊച്ചിന്‍ സ്റ്റേറ്റ് ലെജിസ്ളേറ്റീവ് കൌണ്‍സില്‍ അംഗമായും പോപ്പട് ലാല്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊച്ചി പാലസ് റോഡിനടുത്ത ലാലന്‍ റോഡ് പോപ്പട് ലാലിന്റെ സ്മാരകമായി നിലനില്‍ക്കുന്നു. മട്ടാഞ്ചേരി ബസാറിലും ജ്യൂടൌണിലും ഗുജറാത്തികളുടെ വക അനേകം പാണ്ടികശാലകളുണ്ട്. ഗുജറാത്തി മഹാജന്‍ വക രണ്ട് സ്കൂളുകളും രാംബഹദൂര്‍ സിങ്ങ് പാരലല്‍ കോളേജും കൊച്ചിയിലുണ്ട്. ഫാഷന്‍ ലോകത്തെ മാറ്റങ്ങളെ സ്വീകരിക്കുന്ന സിറ്റിയാണ് കൊച്ചി. പൂക്കാട്ടുപടി ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫാഷന്‍, അക്കാദമി ഓഫ് ഫാഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി എന്നിവിടങ്ങളില്‍ നിന്നും ഫാഷന്‍ ഡിസൈനിംഗ് പഠിച്ച് കൊച്ചിയിലെത്തുന്നവര്‍ ഇന്ന് ധാരാളമാണ്.