ആമുഖം

“ഋഷിനാഗക്കുളം” എന്ന പേരില്‍ പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന പ്രദേശമാണ് കാലാന്തരത്തില്‍ ശബ്ദഭേദം സംഭവിച്ച് എറണാകുളം എന്നു വിളിക്കപ്പെട്ടത്. എറണാകുളം എന്നാണ് ഈ ജില്ലയുടെയും നാമം എങ്കിലും കൊച്ചി എന്ന മഹാനഗരത്തിന്റെ അപരനാമധേയമായാണ് ഇന്ന് ഇവിടം ലോകം മുഴുവന്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വ്യാവസായിക-വിനോദസഞ്ചാര തലസ്ഥാനം എന്നും കൊച്ചി അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തുന്ന കൊച്ചിയില്‍ അന്താരാഷ്ട്ര തുറമുഖവും, അന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മ്മാണശാല കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി തുറമുഖം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ്. കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണമായും സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്. കേരളത്തിന്റെ മധ്യഭാഗത്തുനിന്ന് അല്‍പം തെക്കോട്ടു മാറിയാണ് എറണാകുളം ജില്ല സ്ഥിതി ചെയ്യുന്നത്. പറവൂര്‍, ആലങ്ങാട്, അങ്കമാലി, കൂവപ്പടി, വാഴക്കുളം, ഇടപ്പള്ളി, വൈപ്പിന്‍, പള്ളുരുത്തി, മുളന്തുരുത്തി, വടവുകോട്, കോതമംഗലം, പാമ്പാക്കുട, പാറക്കടവ്, മൂവാറ്റുപുഴ എന്നിങ്ങനെ 14 ബ്ളോക്കു പഞ്ചായത്തുകളാണ് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 14 ബ്ളോക്കുകളിലായി 84 ഗ്രാമപഞ്ചായത്തുകളും 124 വില്ലേജുകളുമുള്ള എറണാകുളം ജില്ലയ്ക്ക് 2377.29 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. കൊച്ചി കോര്‍പ്പറേഷനും, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, വടക്കന്‍ പറവൂര്‍, തൃപ്പൂണിത്തുറ, അങ്കമാലി, കോതമംഗലം, ഏലൂര്‍‍, മരട്, തൃക്കാക്കര എന്നിങ്ങനെ 11 മുനിസിപ്പാലിറ്റികളുമാണ് ജില്ലയിലെ നഗരസഭകള്‍. കൊച്ചി, കണയന്നൂര്‍, പറവൂര്‍, ആലുവ, കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം എന്നിങ്ങനെ 7 താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ-സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. എറണാകുളം ജില്ലാപഞ്ചായത്തില്‍ ആകെ 26 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതി അനുസരിച്ച് ഈ ജില്ലയെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിക്കാം. പൂര്‍ണ്ണമായും സഹ്യപര്‍വ്വത നിരകള്‍ നിറഞ്ഞ ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കു വയ്ക്കുന്ന എറണാകുളം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്ന മലനിരകളും ഇടത്തരം കുന്നിന്‍പ്രദേശങ്ങളും താഴ്വരകളും പ്ളാന്റേഷനുകളുമെല്ലാം നിറഞ്ഞതാണ്. പടിഞ്ഞാറോട്ടു പോകുന്തോറും പൊതുവേ ഇടനാടന്‍ മേഖലയില്‍ കാണപ്പെടുന്ന തരത്തില്‍ ചെറുകുന്നുകളും സമനിരപ്പാര്‍ന്ന പ്രദേശങ്ങളും പാടശേഖരങ്ങളുമെല്ലാം കാണപ്പെടുന്നു. എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളും തീരപ്രദേശവും തലങ്ങും വിലങ്ങും കായലുകളും ഉള്‍നാടന്‍ ജലാശയങ്ങളും ചെറുദ്വീപുകളും കൊണ്ടു നിറഞ്ഞതാണ്.